5-October-2023 -
By. news desk
കൊച്ചി : തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നതായി മന്ത്രി പി രാജീവ്. ഓള്‍ ഇന്ത്യ പ്ലാസ്റ്റിക്ക് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ മുംബൈയില്‍ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിവിഷന്‍ 2023ന്റെ ബൂസ്റ്റര്‍ മീറ്റ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് രംഗത്തെ ലോകമാതൃകകളും പുത്തന്‍ സാങ്കേതിക വിദ്യകളും മനസിലാക്കാന്‍ ഡിസംബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ മുംബൈയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്ലാസ്റ്റിക്ക് എക്‌സിബിഷനില്‍ (പ്ലാസ്റ്റിവിഷന്‍2023) നേരിട്ട് പങ്കെടുക്കുമെന്നും പി.രാജീവ് പറഞ്ഞു.
വലുപ്പം കൊണ്ട് ലേകത്തെ നാലാമത്തെതും ഇന്ത്യയിലെ ഏറ്റവും വലുതുമാണ് മുംബൈയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്ലാസ്റ്റിക്ക് എക്‌സിബിഷന്‍. ഒന്നര ലക്ഷം സ്‌ക്വയര്‍ മീറ്ററാണ് വലിപ്പം. ലോകത്തിലെ മുന്‍ നിര പ്ലാസ്റ്റിക് മെഷിനറി, റീസൈക്ലിംഗ് മെഷിനറി, പ്രിന്റിംഗ് മെഷിനറി നിര്‍മ്മാതാക്കളും ഈ രംഗത്തെ വിദഗ്ധരും എക്‌സിബിഷനിലും സെമിനാറിലും പങ്കെടുക്കും. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും.
കേരള പ്ലാസ്റ്റിക്ക് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ബൂസ്റ്റര്‍ മീറ്റ് സംഘടിപ്പിച്ചത്. ചടങ്ങില്‍ അഖിലേന്ത്യ പ്ലാസ്റ്റിക്ക് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഹരേന്‍ സാംഘ്വി, കേരള പ്ലാസ്റ്റിക്ക് മാനുഫാക്‌ച്ചേഴ് സ് അസ്സോസിയേഷന്‍ പ്രസിഡന്റ് എം.എസ്.ജോര്‍ജ്, കേരള സ്‌റ്റേറ്റ് സ്്‌മോള്‍ ഇന്‍ഡസ്ട്രീസ് ജനറല്‍ സെക്രട്ടറി പി.ജെ.ജോസ്, സെന്‍ട്രല്‍ പോളിമര്‍ ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി കെ.എ.രാജേഷ്, പ്ലാസ്റ്റിവിഷന്‍ കേരള ചെയര്‍മാന്‍ പി.ജെ.മാത്യു, മയൂര്‍ കെ. ഷാ തുടങ്ങിയവര്‍ പ്രസംഗിച്ചു.